
ഒരിക്കല്‍ ഒരാളുടെ മോട്ടാര്‍ സൈക്കിള്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നും മോഷണം പോയി. പോലീസില്‍ പരാതിപ്പെടുന്നതിന് പകരം സമൂഹമാധ്യത്തില്‍ ഒരു കുറിപ്പിടുകയാണ് അയാള്‍ ചെയ്തത്. കുറിപ്പ് ഇപ്രകാരമായിരുന്നു. പ്രിയപ്പെട്ട മോഷ്ടാവെ, എന്നെക്കാള്‍ ബൈക്കിനാവശ്യം താങ്കള്‍ക്കാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് ഒരു സൈക്കിള്‍ ഉണ്ട്. അത്യാവശ്യസഞ്ചാരങ്ങള്‍ക്ക് അത് മതി. പാവം നിങ്ങള്‍ക്ക് വേറെ വാഹനം ഒന്നുമില്ലല്ലോ.. ബൈക്ക് നിങ്ങള്‍ കൊണ്ടുപോയ സ്ഥിതിക്ക് വണ്ടിയുടെ ആര്‍സി ബുക്കും മററു രേഖകളും കൂടി നിങ്ങള്‍ എന്റെ വാഹനമെടുത്ത അതേ പാര്‍ക്കിങ്ങ് ഏരിയായിലെ വൈദ്യുതി മീറ്ററിനരികെ വെക്കുകയാണ്. ദയാവായി അതുകൂടി എടുത്തുകൊണ്ടുപോവുക. യാത്ര സുഖകരമാകട്ടെ.. പക്ഷേ, ബൈക്കിനേക്കാള്‍ വേഗത്തില്‍ ഈ കുറിപ്പ് നാടാകെ പരന്നു. കള്ളനും ഈ കുറിപ്പ് കണ്ടു. അയാള്‍ക്ക് സങ്കടവും കുററബോധവും തോന്നി. കള്ളന്‍ വണ്ടിയെടുത്ത അതേ സ്ഥലത്ത് ആ വണ്ടികൊണ്ടുവെച്ചു. കൂടാതെ, മോഷണശ്രമത്തിനിടയ്ക്ക് നടന്ന അല്ലറ ചില്ലറ കേടുപാടുകള്‍ തീര്‍ത്താണ് ആ വണ്ടി അവിടെ തിരികെ വെച്ചത് നല്ല വാക്കുകള്‍കൊണ്ട് എന്നും ഗുണമേയുണ്ടാകൂ.. ദോഷമുണ്ടാകില്ല. അതല്‍പം വൈകിയാണെങ്കിലും, ആ ഗുണം തേടിയെത്തുക തന്നെ ചെയ്യും. ആരും കളളനായി ജനിക്കുന്നില്ല.. സാഹചര്യങ്ങളാണ് പലരെയും കള്ളനാക്കുന്നത്. മറ്റെല്ലാവരെപോലെയും മാനസാന്തരപ്പെടാനും പശ്ചാത്തപിക്കാനും അവര്‍ക്കും അവസരങ്ങളുണ്ട്. തിന്മയില്‍ തുടരാനുളള പ്രലോഭനത്തെ അതിജീവിക്കുന്നവര്‍ ഒരുപോരാട്ടം തന്നെ ജയിക്കുകയാണ്.. ചില നല്ലവാക്കുകള്‍ അതിന് വഴിതെളിയിക്കുന്നുവെന്ന് മാത്രം.. തെറ്റ് ചെയ്യുന്നത് മനുഷ്യസഹജമാണ്.. ക്ഷമിക്കുന്നത് ദൈവീകവും.. എന്ന, ഇംഗ്ലീഷ്‌കവി അലക്‌സാണ്ടര്‍ പോപ്പിന്റെ വാചകം നമുക്കിവിടെ ഓര്‍മ്മിക്കാം.. നമ്മള്‍ മാറുന്നുണ്ട്.. ഓരോ ദിവസവും ആ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.. തെറ്റുകള്‍ സംഭവിക്കാം.. സ്വയം തിരുത്താന്‍ തീരുമാനിക്കുന്നത് ഒരു പോരാട്ടമാണ്.. ആ പോരാട്ടത്തിന് ആഭിമുഖ്യം പ്രഖ്യാപിക്കാനുളള ഒരു മനസ്സ് കൈമോശംവരാതെ സൂക്ഷിക്കാം - ശുഭദിനം.
കവിത കണ്ണന്‍