ലോക തണ്ണീർത്തട ദിനം

GJBSNMGL
1 minute read
0
എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു . 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
കരപ്രദേശങ്ങള്‍ക്കും തുറന്ന ജലപ്പരപ്പിനുമിടയില്‍ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ മേഖലകളാണ്‌ തണ്ണീര്‍ത്തടങ്ങള്‍. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനല്‍ക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീര്‍ത്തടത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടും.
തണ്ണീര്‍ത്തടങ്ങളിലെ ജലപൂരിതമായ അവസ്ഥ ധാരാളം ജലമുള്ള സാഹചര്യത്തില്‍ മാത്രം വളരുന്ന ജലസസ്യങ്ങളുടെയും ജലപക്ഷികളുടെയും ആവാസസ്ഥാനമായി ഇവയെ മാറ്റുന്നു. ലോകമൊട്ടാകെ 2424 (2021 ജൂലൈ വരെ)ല്‍പ്പരം തണ്ണീര്‍ത്തടങ്ങള്‍ റാംസാര്‍ സൈറ്റുകളായി പ്രഖ്യാപിച്ച് പ്രത്യേക സംരക്ഷണ നടപടികള്‍ എടുത്തു വരുന്നു. ഇന്ത്യയിലെ 47 തണ്ണീര്‍ത്തടങ്ങളെ അന്താരാഷ്ട്ര പ്രാധാന്യം കണക്കിലെടുത്ത് റാംസാര്‍ സൈറ്റുകളായി അംഗീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ Haiderpur Wetland ആണ് അവസാനമായി പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ മൂന്ന് റംസാർ സൈറ്റുകളാണുള്ളത്. വേമ്പനാട്-കോള്‍, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയാണവ.
ഈ ഭൂമി നിരവധി പരിസ്ഥിതിവ്യൂഹങ്ങള്‍ ചേര്‍ന്നതാണ്. ഭൂമിയുടെ നിലനില്പിന് പലതരത്തിലും രൂപത്തിലുമുള്ള ഈ പരിസ്ഥിതി വ്യൂഹങ്ങള്‍ നിലനില്ക്കേണ്ടതുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ അവയിലൊരു പരിസ്ഥിതി വ്യൂഹം മാത്രം. ഇവയുടെ സംരക്ഷണവും പുനരുദ്ധാരണവും നമ്മുടെ ഭാഗധേയങ്ങളെയും ബാധിക്കും. സമുദ്രം, കടല്‍, പുഴകള്‍, തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വനം, പുല്‍മേടുകള്‍, കൃഷിഭൂമി തുടങ്ങിയവയ്ക്ക് പരിസ്ഥിതിപരമായി പല ജോലികളുമുണ്ട്. കാര്‍ബണ്‍ പിടിച്ചുവെക്കല്‍ മുതല്‍ ജല സംഭരണം വരെ. ഇവയുടെ മൂല്യം പക്ഷേ, വ്യത്യാസപ്പെട്ടിരിക്കും. 1997-ല്‍ ‘നേച്ചര്‍’ എന്ന പ്രസിദ്ധ ശാസ്ത്രജേര്‍ണലില്‍ വന്ന പഠനം പ്രകാരം ഇവയില്‍ യൂണിറ്റ്‌ അടിസ്ഥാനത്തില്‍ ഏറ്റവുമധികം പരിസ്ഥിതി മൂല്യമുള്ളത് തണ്ണീര്‍ത്തടങ്ങള്‍ക്കാണ്.
തണ്ണീര്‍ത്തടങ്ങളെ കൂടുതല്‍ അപചയത്തിനു വിധേയമാക്കാതെ സംരക്ഷിച്ചേ മതിയാവൂ. ഇതിനാദ്യം വേണ്ടത് തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം ജനങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കുക എന്നതാണ്.

Post a Comment

0Comments
Post a Comment (0)