
എന്തെല്ലാം ജോലികള്‍ ചെയ്തു. പക്ഷേ, തന്റെ ദാരിദ്ര്യത്തിന് പരിഹാരം കാണാനാകാതെ അവന്‍ സങ്കടപ്പെട്ടു. അടുത്ത ദേശത്ത് ദിവ്യനുണ്ടെന്നും അയാള്‍ തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വിശ്വസിച്ച് അവന്‍ യാത്രയ്ക്ക് തയ്യാറെടുപ്പ് നടത്തി. ഇതുകണ്ട് അവന്റെ അയല്‍ക്കാരന്‍ ഒരാവശ്യം അവനോട് പറഞ്ഞു: താന്‍ വളരെ നാളുകളായി നട്ടുവളര്‍ത്തുന്ന മാവ് കായ്ക്കുന്നില്ല. എന്തെങ്കിലും പരിഹാരം ദിവ്യനോട് ചോദിക്കണം. അവന്‍ കുറച്ച് കൂടി യാത്രചെയ്തപ്പോള്‍ വീണ്ടുമൊരാള്‍ തന്റെ ഒരാവശ്യംകൂടി അവനോട് പറഞ്ഞു: എന്റെ മകള്‍ക്ക് സംസാരശേഷിയില്ല. അവള്‍ എന്നിനി സംസാരിക്കുമെന്ന് ദിവ്യനോട് ചോദിക്കണം. അവന്‍ ദിവ്യന്റെ അടുത്തെത്തി. പക്ഷേ, ദിവ്യന്‍ അവന്റെ രണ്ടുചോദ്യങ്ങള്‍ക്കേ ഉത്തരം നല്‍കൂ എന്ന പറഞ്ഞു. അവന്‍ സ്വന്തം ആവശ്യം മാറ്റിവെച്ച് രണ്ടുപേരുടേയും ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വന്നു. ആദ്യത്തെയാളോട് പറഞ്ഞു: താങ്കളുടെ മരത്തിന് കീഴില്‍ നിധികുംഭമുണ്ട്. അത് പുറത്തെടുത്താല്‍ മരം കായ്ക്കും. അയാള്‍ അങ്ങിനെ ചെയ്തു. കിട്ടിയ നിധിയില്‍ പാതി അവന് നല്‍കി. ഉത്തരവുമായി അയാള്‍ രണ്ടാമന്റെയടുത്തെത്തി. അവന്‍പറഞ്ഞു: നിങ്ങളുടെ മകള്‍ ഒരു അവിവാഹിതനെ കാണുന്ന നിമിഷം സംസാരിക്കും. ഇതിനിടയില്‍ അവള്‍ പുറത്തിറങ്ങിവന്നു. അവനെ കണ്ടതും അവള്‍ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുത്തു. അങ്ങിനെ അവന്റെ ചോദ്യങ്ങള്‍ക്കും ഉത്തരമായി. നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ട് ആര്‍ക്കും തനിച്ച് ജീവിക്കാനാകില്ല. ആരെയും ഒഴിവാക്കാനുമാകില്ല. പരാശ്രയബോധത്തോടെയും പരസ്പരം ബന്ധിതമായും നമുക്ക് ജീവിക്കാന്‍ ശീലിക്കാം. അപ്പോള്‍ സമൂഹം ഉത്പാദനക്ഷമമാകും. ഒപ്പം ഓരോ വ്യക്തികളും - ശുഭദിനം.
കവിത കണ്ണന്‍