
അന്ന് അവിടെ നായ്ക്കളുടെ ഓട്ടമത്സരം നടക്കുകയാണ്. സംഘാടകര്‍ ഒരു ചീറ്റപ്പുലിയെക്കൂടി ആ മത്സരത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഓട്ടം തുടങ്ങിയപ്പോള്‍ ചീറ്റ തന്റെ സ്ഥാനത്തുതന്നെ അനങ്ങാതെ നിന്നു ആ മത്സരം ആസ്വദിച്ചു. ആ മത്സത്തില്‍ വിജയിച്ച നായ ചീറ്റയോട് ചോദിച്ചു: നീ എന്താണ് മത്സരത്തില്‍ പങ്കെടുക്കാതിരുന്നത്... ചീറ്റപറഞ്ഞു: നിങ്ങളോടൊപ്പം ഞാന്‍ ഓടിയാല്‍ ഞാന്‍ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. എന്നിട്ടും ഞാന്‍ പങ്കെടുത്താല്‍ അതെനിക്ക് അപമാനമാണ്... എല്ലാ മത്സരങ്ങളും എല്ലാവര്‍ക്കും വേണ്ടിയുളളതല്ല. കാണികളുള്ള സ്ഥലങ്ങളിലെല്ലാം ഗോദയിലിറങ്ങുക എന്നതല്ല, നല്ലൊരു മത്സരാര്‍ത്ഥിയുടെ ലക്ഷണം. ഈ മത്സരം എന്നെ വളര്‍ത്തുമോ? എന്റെ കഴിവ് പ്രകടിപ്പിക്കാന്‍ മാത്രം നിലവാരമുളളതാണോ എന്ന ചോദ്യങ്ങള്‍ ഓരോ മത്സരത്തിലും പങ്കെടുക്കുമ്പോള്‍ സ്വയം ചോദിക്കണം. നമ്മേക്കാള്‍ ശേഷി കുറഞ്ഞവരുടെ മത്സരങ്ങളില്‍ ഭാഗമായി വിജയിക്കുന്നതില്‍ എന്ത് സാഹസികതയാണ് ഉള്ളത്.. ഏറ്റവും അവസാന സ്ഥാനത്തെത്തിയാലും പുതിയ അനുഭവങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത്തരം മത്സരങ്ങളാണ് ഒരാളെ വളര്‍ത്തുന്നത് എന്ന് പറയാം. ഒരാള്‍ പങ്കെടുക്കുന്ന മത്സരങ്ങളേതൊക്കെയെന്ന് ശ്രദ്ധിച്ചാല്‍ അയാളുടെ വളര്‍ച്ചാതാല്‍പര്യം മനസ്സിലാകും. ജയിക്കുമെന്ന് ഉറപ്പുള്ള മത്സരങ്ങളില്‍ എല്ലാവരും പങ്കെടുക്കും.. എന്നാല്‍ തോല്‍ക്കാന്‍ സാധ്യതയുളള മത്സരവേദികളില്‍ കയറണമെങ്കില്‍ പരാജയഭീതി അതിജീവിക്കാനുള്ള മനക്കരുത്തുണ്ടാകണം.. ആ മനക്കരുത്ത് നേടാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
കവിത കണ്ണന്‍