ശുഭദിനം - 07.03.2024

GJBSNMGL
0
അവര്‍ രണ്ടുപേരും കളിപ്പാട്ടകച്ചവടക്കാരായിരുന്നു. ഒരാള്‍ സൂത്രശാലിയും മറ്റേയാള്‍ സത്യസന്ധനുമായിരുന്നു. അന്ന് അവര്‍ അടുത്തഗ്രാമത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ യാത്രയായി. ആ ഗ്രാമീണരില്‍ പലരും വളരെ ദരിദ്രരായിരുന്നു. ഒന്നാമന്‍ കച്ചവടത്തിനായി ഒരു വീട്ടില്‍ കയറി. അവിടെ വയസ്സായ ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് തന്റെ പേരക്കുട്ടിക്ക് വേണ്ടി ഒരു കളിപ്പാട്ടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അവര്‍ വീട്ടിലുണ്ടായിരുന്ന ഒരു പാത്രം എടുത്ത് കൊണ്ട് വന്നിട്ട് ഇതിനു പകരമായി ഒരു കളിപ്പാട്ടം തരുമോ എന്ന് ചോദിച്ചു. അയാള്‍ കരിപുരണ്ട ആ പാത്രം ഉരച്ച് നോക്കിയപ്പോള്‍ പിച്ചളയാണെന്ന് മനസ്സിലാക്കി. ആ പാത്രത്തിന് നല്ല വില ലഭിക്കുമെന്ന് മനസ്സിലായെങ്കിലും അയാള്‍ അവരോട് ഇങ്ങനെ പറഞ്ഞു: ഇതിനൊന്നും വലിയ വില കിട്ടില്ല. എങ്കിലും ഞാനൊരു പാവ തരാം. അവര്‍ക്ക് സന്തോഷമായി. അയാള്‍ ഈ പാത്രത്തിന്റെ കഥ രണ്ടാമനോട് പറഞ്ഞു. രണ്ടാമന്‍ ഒന്നാമനേയും കൂട്ടി ആ വൃദ്ധയുടെ വീട്ടിലെത്തി. പാത്രത്തിന്റെ മൂല്യം അവരെ പറഞ്ഞ് മനസ്സിലാക്കിക്കുകയും ഒന്നാമനെക്കൊണ്ട് ആ പാത്രത്തിന്റെ മൂല്യത്തിനൊത്ത കളിപ്പാട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ബലഹീനതകള്‍ മുതലെടുക്കുന്നവരാണ് ഏറ്റവും വലിയ കുറ്റവാളികള്‍. ബുദ്ധിശക്തിയില്‍ തുല്യനിലവാരം പുലര്‍ത്തുന്നവരോട് എതിരിട്ട് അവരെ കീഴ്‌പ്പെടുത്തുക എന്നതില്‍ അന്തസ്സും അഭിമാനവുമുണ്ട്. നിസ്സഹായരുടെ ദയനീയതയ്ക്ക് വിലയിടുന്നവരെ നമ്മള്‍ എന്ത് ഏകകം കൊണ്ടാണ് അളക്കുക.. ഒരാളെ പറ്റിക്കാനും അവരുടെ ആത്മാഭിമാനം തകര്‍ക്കാനും എളുപ്പമാണ്. എന്നാല്‍ ഒരാളുടെ വിശ്വസ്തനായിമാറാനും അയാളെ കരുതലോടെ ചേര്‍ത്തുനിര്‍ത്താനുമാണ് ബുദ്ധിമുട്ട്. നമുക്ക് ചുററുമുള്ള ഒരാളെയെങ്കിലും കരുതലോടെ ചേര്‍ത്ത് പിടിക്കാനും ആവശ്യമറിഞ്ഞ് കൂടെ നില്‍ക്കാനും നമുക്ക് സാധിക്കട്ടെ - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)