
ഒരു ദിവസം അച്ഛന്‍ തന്റെ മകനോട് ഒരു ചന്ദനത്തിന്റെ കഷ്ണവും കരിക്കട്ടയും രണ്ടു കയ്യിലായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവന്‍ അതനുസരിച്ചു. പിന്നീട് അച്ഛന്‍ പറഞ്ഞതുപോലെ ആ കരിക്കട്ടയും ചന്ദനകഷ്ണവും മേശമേല്‍ വെക്കുകയും ചെയ്തു. അവന്റെ രണ്ടുകയ്യിലും പിടിച്ച് അച്ഛന്‍ പറഞ്ഞു: ഈ കയ്യിലേക്ക് നോക്കൂ. ഇതിലെ കറുത്ത പാട് അങ്ങിനെതന്നെയുണ്ട്.. മറ്റേ കൈ മണത്തുനോക്കൂ.. ചന്ദനത്തിന്റെ സുഗന്ധവും അങ്ങിനെത്തന്നെയുണ്ട്. ഇതുപോലെ തന്നയാണ് സുഹൃത്തുക്കളും അവരെയും സൂക്ഷിച്ചു തിരഞ്ഞെടുക്കണം. ആരോടൊപ്പമായിരിക്കുന്നു എന്നതാണ് ആരായിത്തീരുന്നു എന്നതിന്റെ അടിസ്ഥാനം. ചിറകുളളവരുടെ കൂടെയായിരുന്നാല്‍ ആകാശത്ത് വിഹരിക്കാം, ഉരഗങ്ങളുടെ കൂടെയാണെങ്കില്‍ മണ്ണിലിഴയാം.. ഇരുകാലികളോടൊപ്പം വളര്‍ന്നാല്‍ നിവര്‍ന്നുനില്‍ക്കാം.. നാല്‍ക്കാലികളോടൊപ്പം നടന്നാല്‍ തലകുനിഞ്ഞേ നില്‍ക്കാനാകൂ.. ആരിലൂടെ ജനിക്കുന്നു എന്നത് ഒരു തിരഞ്ഞെടുപ്പല്ല.. പക്ഷേ, ആരുടെ കൂടെ ജീവിക്കുന്നു എന്നത് സ്വയം തീരുമാനമാണ്.. ജന്മം നന്നായിട്ടും ജീവിതം പാഴാക്കുന്നവരും, ജന്മം അശുഭകരമായിട്ടും ജീവിതം അത്ഭുതമാക്കുന്നവരുമുണ്ട്.. സഹചാരികളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.. നമ്മുടെ തല്‍സ്ഥിതിയെ അഭിവൃദ്ധിപ്പെടുത്താന്‍ അവര്‍ക്കാകണം, അവര്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നതാകണം.. സ്വത്വബോധവും സ്വതന്ത്രവഴികളും സമ്മാനിക്കാന്‍ അവര്‍ക്കാകണം.. മാലിന്യങ്ങള്‍ സ്വാഭാവികമാണ്.. അവ ചീഞ്ഞളിയുന്നത് പ്രകൃതിനിയമവുമാണ്.. കണ്ടുമുട്ടുന്നവരെല്ലാം അനുഭവങ്ങള്‍ നമുക്ക് സമ്മാനിക്കും.. എന്നാല്‍ ചിലര്‍മാത്രമേ അടയാളങ്ങള്‍ സമ്മാനിക്കൂ.. എല്ലാവരില്‍ നിന്നും പഠിക്കുന്നത് നല്ലതാണ്.. പക്ഷേ, സ്ഥിരരേഖകള്‍ കോറിയിടാന്‍ ആരേയും അനുവദിക്കരുത് - ശുഭദിനം.
കവിത കണ്ണന്‍