ശുഭദിനം - 10.03.2024

GJBSNMGL
0
അയാള്‍ ഒരു ആല്‍ത്തറയില്‍ കിടക്കുകയായിരുന്നു. ഒരു കോട്ടുവാ ഇട്ടസമയത്ത് ഒരു തൂവല്‍ അയാളുടെ വായില്‍ വന്ന് വീണു. കുറച്ച് നേരം ശ്രമിച്ചതിന് ശേഷമാണ് തൂവല്‍ വായില്‍ നിന്നുമെടുത്തത്. അതാണെങ്കില്‍ അപൂര്‍വ്വയിനം പക്ഷിയുടെ തൂവലായിരുന്നു. വിവരം അയാള്‍ ഭാര്യയോട് പറഞ്ഞു. തൂവല്‍ വായില്‍ വീഴുന്നത് ഒരു ദുഃശ്ശകുനമായാണ് കണക്കാക്കുക. അതുകൊണ്ട് നീയിത് ആരോടും പറയരുത്.. ഭാര്യ പക്ഷേ, തന്റെ അടുത്ത കൂട്ടുകാരിയോട് ഇതാരോടും പറയരുത് എന്ന മുഖവുരയോടെ കാര്യം അവതരിപ്പിച്ചു. അയല്‍ക്കാരി ഇതു തന്റെ ഭര്‍ത്താവിനോട് പറഞ്ഞു: അറിഞ്ഞോ, ഒരു പക്ഷിയുടെ ചിറകാണ് അയാളുടെ വായില്‍ നിന്നും കിട്ടിയത്.. ഭര്‍ത്താവ് അത് തന്റെ സുഹൃത്തിനോട് ഈ വിവരം പറഞ്ഞു,. സുഹൃത്ത് നാട്ടിലെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞത് പക്ഷേ ഇങ്ങനെയായിരുന്നു: അയാളുടെ വായില്‍ നിന്നും പക്ഷി പുറത്തുവന്നു.. ഒരാഴ്ചയ്ക്കുളളില്‍ അയാളുടെ വായില്‍ നിന്നും ധാരാളം പക്ഷികള്‍ പുറത്തേക്കുവരുന്നതായി വാര്‍ത്ത പരന്നു.. ആളുകളെല്ലാം ആ കാഴ്ചകാണാന്‍ വന്നെത്തി. ഒടുവില്‍ അയാള്‍ നാടുവിട്ടു.. സ്വയം സൂക്ഷിക്കാനാകാത്ത ഒരു കാര്യവും മറ്റൊരാള്‍ സൂക്ഷിക്കില്ല. എല്ലാ വാര്‍ത്തകളും ആദ്യം പുറത്ത് വരുന്നത് അത് അനുഭവിച്ചതോ അറിഞ്ഞതോ ആയ ആളില്‍ നിന്നാണ്. ആദ്യത്തെയാള്‍ വിളിച്ചുപറയുന്നതിലൂടെ അയാള്‍ക്ക് ലഭിക്കുന്ന ആത്മസുഖമാണ് പടന്നുപന്തലിക്കുന്ന ഓരോ വാര്‍ത്തയുടേയും അടിസ്ഥാനം. ഒരു കാര്യം രഹസ്യമാക്കിവെക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് ആരോടും പറയാതിരിക്കാന്‍ ശീലിക്കുക.. ആദ്യം കണ്ടത്, ആദ്യം കേട്ടത് തുടങ്ങിയ ഉറവിടവകാശവാദത്തില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയെ മറികടക്കാന്‍ ശീലിക്കുക.. - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)