MARCH 10

GJBSNMGL
0
മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരില്‍ ഒരാളായിരുന്നു എ.ടി.ഉമ്മര്‍ . ദേവരാജന്‍ , ബാബുരാജ്, കെ.രാഘവന്‍ , ദക്ഷിണാമൂര്‍ത്തി തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങള്‍ മലയാളത്തിന് ലഭിച്ചത്.
1933 ല്‍ മൊയ്തീന്‍ കുഞ്ഞിന്റെയും സൈനബയുടെയും മകനായി എ.ടി.ഉമ്മര്‍ കണ്ണൂരില്‍ ജനിച്ചു. എസ്.എസ്.എല്‍.സി വരെ പഠിച്ചു. തുടര്‍ന്ന് സംഗീതത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. വളപട്ടണം മുഹമ്മദ്, ശരത് ചന്ദ്ര മറാത്തേ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
മദിരാശി മലയാളി സമാജത്തിനു വേണ്ടി തയ്യാറാക്കിയ നാടകത്തിന് ചിദംബരത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കി. 1966 ല്‍ ഡോ.ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ട് സിനിമയിലെത്തി. രണ്ടാമത്തെ ചിത്രമായ ‘ആല്‍മരം’ ശ്രദ്ധിക്കപ്പെട്ടു. ‘ആഭിജാത്യ’ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ ‘ചെമ്പകപ്പൂങ്കാവനത്തിലെ’, വ്യശ്ചികരാത്രി തന്‍ , മഴമുകിലൊളിവര്‍ണ്ണന്‍, തെക്കന്‍ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയില്‍പ്പീലിയായ് ഞാന്‍ (അണിയാത്ത വളകള്‍ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
താരതമ്യേന കുറച്ച് സിനിമകള്‍ക്കേ സംഗീതം നല്‍കിയിട്ടുള്ളുവെങ്കിലും എ ടി ഉമ്മര്‍ എന്ന സംഗീത സംവിധായകന്‍ മലയാളത്തില്‍ അനശ്വരനായിരിക്കും. ഏക്കാലത്തും ഓര്‍മ്മിക്കുന്ന, ഹൃദ്യത മാറാത്ത ഓട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.

Post a Comment

0Comments
Post a Comment (0)