MARCH 11

GJBSNMGL
0
പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിംഗ് (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ് വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞ്ഞെടുത്തത് ഫ്ലമിംഗിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്ന സമയത്ത് അണുബാധക്കെതിരെ ഫലപ്രദമായ മരുന്നുകൾ ഒന്നും ലഭ്യമല്ലായിരുന്നു. സൽഫാ മരുന്നുകൾ- സൽഫോനാമൈഡ്സ്- അണുബാധകളെ ചെറുക്കാൻ ശക്തിയുള്ള മരുന്നുകളായിരുന്നെങ്കിലും അവ മുറിവുവെച്ചുകെട്ടാനും അവയിൽ പഴുപ്പ് ഉണ്ടാകാതിരിക്കാനും മറ്റുമാണ് ഉപയോഗിച്ചുവന്നിരുന്നത്. ശരീരത്തിൽ കടന്ന് അണുനാശം വരുത്താൻ കഴിയുന്ന മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് അലെക്സാണ്ടർ ഫ്ലെമിംഗ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ പെനിസില്ലിൻ കണ്ടുപിടിക്കുന്നത്. പെനിസിലിന്റെ കണ്ടുപിടിത്തം വളരെ ആകസ്മികമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഫ്ലെമിംഗ് ഒരു സൂക്ഷ്മാണു ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം തന്റെ പഠനത്തിന്റെ ഭാഗമായി ബാക്റ്റീരിയകളെ ലബോറട്ടറീയിൽ വളർത്തിവന്നിരുന്നു. ഇതിനു കൾച്ചർ എന്നാണു പറയുക. ബാക്റ്റീരിയകൾക്ക് വളരാൻ പാകത്തിനുള്ള ഒരു മീഡിയത്തിൽ (അവയെ വളരാൻ സഹായിക്കുന്ന, അവയ്ക്കുള്ള പോഷകങ്ങൾ അടങ്ങിയ ഒരു മാദ്ധ്യമം) അവയെ പാകിയാണ് അവയുടെ വളർച്ച നിരീക്ഷിക്കുന്നത്. ഒരിക്കൽ ഇങ്ങനെയുള്ള ബാക്റ്റീരിയകളെ വളർത്തിയ ചില പാത്രങ്ങൾ ഉപേക്ഷിക്കാനായി മാറ്റിവെച്ചിരുന്നു ഫ്ലെമിംഗ്. ഒരു ദിവസം ലാബിൽ നിന്ന് പുറത്തുപോകുമ്പോൾ ഈ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ മറന്നുപോയത്രെ. അടുത്ത ചില ദിവസങ്ങൾ അവധിദിവസങ്ങൾ ആയിരുന്നു. അവധി കഴിഞ്ഞ് ലാബിൽ തിരിച്ചുവന്ന ഫ്ലെമിംഗ് പാത്രങ്ങൾ വൃത്തിയാക്കാനായി തുടങ്ങിയപ്പോൾ അവയിൽ കൾച്ചർ മാദ്ധ്യമത്തിനുമുകളിൽ പലയിടത്തും പൂപ്പൽ പിടിച്ചിരിക്കുന്നതായി കണ്ടു. അതോടൊപ്പം മറ്റൊരു പ്രത്യേകതയും അദ്ദേഹം കണ്ടെത്തി. പൂപ്പൽ ഉള്ളതിന്റെ ചുറ്റും ബാക്റ്റീരിയ വളരാത്ത ഒരു മേഖല ഉണ്ട്. അതിനപ്പുറത്തേക്കു മാത്രമെ ബാക്റ്റീരിയയുടെ വളർച്ച കാണാൻ കഴിയുന്നുള്ളൂ. പൂപ്പൽ നിർമ്മിക്കുന്ന ഏതോ വസ്തുവാണ് ബാക്റ്റീരിയയുടെ വളർച്ച തടയുന്നതെന്ന് അദ്ദേഹം അനുമാനിച്ചു. തുടർ പരീക്ഷണങ്ങളിലൂടെയും മൃഗങ്ങളിലുള്ള പഠനങ്ങളിലൂടെയും ഈ വസ്തുവിനെ വേർതിരിച്ചെടുക്കാനും സാധിച്ചു. ‘പെനിസിലിയം’ എന്ന പൂപ്പലിൽനിന്ന് (ഫംഗസ്) വന്നതുകൊണ്ട് അതിനു പെനിസില്ലിൻ എന്ന് പേരുമിട്ടു.
പെനിസിലിൻ ആണ് ആദ്യമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അണുവിരുദ്ധമരുന്ന് (ആന്റിബയോട്ടിക്). ശരീരത്തിൽ കുത്തിവെപ്പുരൂപത്തിലോ ഗൂളികരൂപത്തിലോ കടത്തിവിട്ടാൽ, മാരകങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാതെതന്നെ അണുബാധയെ ചെറുക്കാൻ കഴിയുന്ന മരുന്നുകളെയാണ് ആന്റിബയോട്ടിക്കുകൾ എന്നു പറയുക. യുദ്ധസമയത്ത് പരുക്കുപറ്റി ആശുപത്രികളിലെത്തുന്ന പട്ടാളക്കാരിൽ ന്യൂമോണിയ വ്യാപകമായിരുന്നു. ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയാ രോഗത്തിനു കാരണം. പൊതുവെ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കുമ്പോൾ ന്യുമോണിയവരാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. പല മിലിട്ടറി ആശുപത്രികളിലും ഏറ്റവുമധികം ആളുകൾ മരിച്ചിരുന്നത് ന്യൂമോണിയ കാരണമായിരുന്നു. ആ സന്ദർഭത്തിലാണ് പെനിസിലിൻ ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ ഈ മരുന്നിനു കഴിഞ്ഞു. ആദ്യം വളരെവിലക്കൂടുതൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഫാക്റ്ററികളിൽ നിർമ്മാണം ആരംഭിച്ചതോടുകൂടി പെൻസിലിൻ വിലകുറഞ്ഞ മരുന്നായി മാറി.
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1973-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മങ്ങാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1916 ഒക്ടോബര്‍ 16-ന് ഇപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് സുകുമാരന്‍ നായര്‍ ജനിച്ചത്. പില്‍ക്കാലത്ത് ജന്മഗ്രാമത്തിന്റെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കവിതകളെഴുതുന്നതില്‍ അസാമാന്യകഴിവ് തെളിയിച്ചിരുന്നു. പില്‍ക്കാലത്ത് തിക്കുറിശ്ശി നാടകരചന തുടങ്ങി. ‘മരീചിക’, ‘കലാകാരന്‍’ എന്നീ പേരുകളില്‍ അദ്ദേഹം എഴുതിയ നാടകങ്ങള്‍ വന്‍ ജനപ്രീതി പിടിച്ചുപറ്റി. പിന്നീട് സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിങ്ങനെ മൂന്ന് നാടകങ്ങള്‍ കൂടി അദ്ദേഹം രചിച്ചു. അതുവരെയുള്ള സംഗീതനാടകങ്ങള്‍ മാറ്റി റിയലിസ്റ്റിക് നാടകങ്ങള്‍ക്ക് ജനകീയമുഖം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധപുലര്‍ത്തി.
1950-ല്‍, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ‘സ്ത്രീ’ എന്ന നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്. അദ്ദേഹം തന്നെ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അദ്ദേഹം നായകവേഷം കൈകാര്യം ചെയ്തു. അക്കാലത്ത് ഹിന്ദി, തമിഴ് ചലച്ചിത്രങ്ങള്‍ ജനകീയമായി നിലനിന്നിരുന്നതിനാല്‍ ചിത്രം പരാജയമായി. എന്നാല്‍, തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ജീവിതനൗകയിലൂടെ അദ്ദേഹം വെന്നിക്കൊടി പാറിച്ചു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായിരുന്നു ജീവിതനൗക. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കരസ്ഥമാക്കി.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സമഗ്രസംഭാവനക്കുള്ള ജെ.സി ദാനിയേല്‍ പുരസ്‌കാരം, സമഗ്രസംഭാവനക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വൃക്കരോഗത്തെത്തുടര്‍ന്ന് 1997 മാര്‍ച്ച് 11-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Post a Comment

0Comments
Post a Comment (0)