
അന്ന് അവരുടെ വിവാഹവാര്‍ഷികമായിരുന്നു. അന്ന് ഭാര്യ ഭര്‍ത്താവിന്റെ മുന്നില്‍ ഒരു ആശയം പങ്കുവെച്ചു: തിരക്ക ്മൂലം നമുക്ക് പലപ്പോഴും സംസാരിക്കാന്‍ സമയം കുറവാണ്. അതുകൊണ്ട് ഓരോ ഡയറിവാങ്ങി പരസ്പരം പറയാനുളള കാര്യങ്ങള്‍ എഴുതാം. അടുത്തവര്‍ഷം ഇതേ ദിവസം ഡയറികള്‍ കൈമാറാം. എന്നിട്ട് അത് വായിച്ചുനോക്കി തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി മുന്നോട്ട് പോകാം. പിറ്റേവര്‍ഷം അവര്‍ തങ്ങളുടെ ഡയറികള്‍ കൈമാറി. ഭാര്യ എഴുതി: നിങ്ങള്‍ എന്റെ പിറന്നാളിന് സമ്മാനം തന്നില്ല, എന്റെ വീട്ടുകാര്‍ വന്നപ്പോള്‍ അവരെ വേണ്ടപോലെ ഗൗനിച്ചില്ല, യാത്ര പോകാമെന്ന് പറഞ്ഞിട്ട് പോയില്ല.. ഇതു വായിച്ച് ഭര്‍ത്താവ് പറഞ്ഞു: തീര്‍ച്ചായായും ഞാനിത് തിരുത്താം. ഭാര്യ ഭര്‍ത്താവ് നല്‍കിയ ഡയറി തുറന്നുനോക്കിയപ്പോള്‍ അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു... പക്ഷേ, അവസാന പേജില്‍ ഇങ്ങനെ എഴുതിയിരുന്നു..നിന്റെ സ്‌നേഹത്തിനും ത്യാഗത്തിനും സമര്‍പ്പണത്തിനുംമുന്നില്‍ ഒന്നും എനിക്കൊരു കുറവായി തോന്നിയില്ല. ഭാര്യക്ക് വളരെ സന്തോഷമായി, അവള്‍ താനെഴുതിയ ഡയറി കീറിക്കളഞ്ഞു.. പുതിയ വിവാഹവാര്‍ഷികം.. കൂടുതല്‍ സന്തോഷത്തോടെ, സ്‌നേഹത്തോടെ, പരസ്പരവിശ്വാസത്തോടെ അവര്‍ ജീവിതം ആഘോഷിക്കാന്‍ ആരംഭിച്ചു.. എന്തിലും പരിപൂര്‍ണ്ണത തേടുന്നവരുടെ പരാതികള്‍ അവസാനിക്കുകയേ ഇല്ല. കാരണം, അവര്‍ തേടുന്നത് എത്ര വിശിഷ്ടമായാലും അതിനുളളിലെ ന്യൂനതയാണ്. സത്യത്തില്‍ അതൊരു മാനസിക വൈകല്യമാണ്. എന്തിലും ന്യൂനതകള്‍ കണ്ടെത്താം.. കാരണം ആരും പൂര്‍ണ്ണരല്ല.. എല്ലാവരും എന്തെങ്കിലുമെല്ലാം ന്യൂനതയോടെതന്നെയാണ് ജനിക്കുന്നതും ജീവിക്കുന്നതും ഓര്‍മ്മയാകുന്നതും.. എല്ലാ കുറവുകള്‍ക്കിടയിലും കൂടെക്കൂട്ടാന്‍ കണ്ടെത്തുന്ന ആ കാരണമാണ് സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നവര്‍ അന്വേഷിക്കുന്നത്. അപൂര്‍ണ്ണതകളെ അംഗീരിക്കാം.. നമുക്ക് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകാം - ശുഭദിനം.
കവിത കണ്ണന്‍