എം.എസ്. വിശ്വനാഥൻ (എം.എസ്.വി.) (ജൂൺ 24, 1928 - ജൂലൈ 14, 2015) തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ്. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്രേഷൻ സംവിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിന് ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്. 1952-ൽ പണം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു.