ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗാത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഗുരു ഗോപിനാഥ് എന്നറിയപ്പെട്ടിരുന്ന പെരുമാനൂർ ഗോപിനാഥൻ പിള്ള (ജീവിതകാലം :1908 ജൂൺ 24 – 1987 ഒക്ടോബർ 9). അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും അദ്ദേഹമായിരുന്നു.
ദില്ലിയിലെ രാംലീലയുടെ സംവിധായകനായി അദ്ദേഹം പ്രവർത്തിച്ചു. സോവിയറ്റ് യൂണിയനിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ സാംസ്കാരിക സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു.
കഥകളി എന്ന ക്ലാസിക് കലാരൂപത്തെ പരിഷ്ക്കരിക്കാൻ മിനക്കെടാതെ അതിൽ നിന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാനും ആസ്വദിക്കാന്നും എളുപ്പമായ ലളിതനൃത്ത സമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു. ഏഴു പതിറ്റാണ്ട് മുമ്പ് ഗുരുഗോപിനാഥ് തുടങ്ങിവച്ച ഈ ലളിത നൃത്തശൈലിയാണ് കേരളത്തിൽ നൃത്ത കലയുടെ പ്രചാരണത്തിന് ഊടും പാവുമേകിയത്.
ആധുനിക തീയേറ്റർ സങ്കൽപത്തിൽ ഊന്നി, ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ ലഘുപ്രകടനങ്ങളാക്കി കഥകളിയേയും അതിലെ കഥാസന്ദർഭങ്ങളേയും മെരുക്കിയെടുത്തത് ഗോപിനാഥാണ്. ഇങ്ങനെയാണ് കഥകളിനൃത്തം എന്ന പേരിലൊരു നൃത്തശൈലി രൂപപ്പെടുന്നത്. പിന്നീടത് കേരളനടനം എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു
കഥകളിയെ തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യാതെ, അതിന്റെ സത്ത ഉൾക്കൊണ്ട് തികച്ചും ശാസ്ത്രീയമായ നൃത്തരൂപം ഉണ്ടാക്കിയെടുത്തതാണ് ഗുരുഗോപിനാഥിന്റെ പ്രധാന നേട്ടം.