നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
അദ്ദേഹം കേരള ആർകൈവ്സ് ന്യൂസ് ലെറ്റർ ബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രാഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേഷ്ടാവ് എന്നീ നിലകളിലും ജോലിചെയ്തിട്ടുണ്ട്. കേരള സർവകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷൻ ബോർഡ് അംഗം, സാഹിത്യ പരിഷത് അദ്ധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം,കേരള സാഹിത്യ അക്കാദമി അംഗം, ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ് അദ്ധ്യക്ഷൻ, ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ, ആദ്യ ജ്ഞാനപീഠ അവാർഡ് കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
രചനാരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ അദ്ദേഹം ഗ്രന്ഥരചന നടത്തി. കൂടാതെ ഹിന്ദിയിലും തമിഴിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആദ്യ കൃതി 'ശ്മശാനദീപം' (കവിതാസമാഹാരം) 1925 ൽ പ്രസിദ്ധീകരിച്ചു. 150 ലധികം ഹൈസ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ആയിരത്തിലധികം അവതാരികകൾ എഴുതി സമകാലീനരായ പ്രശസ്ത എഴുത്തുകാരെ അദ്ദേഹം ആശീർവദിച്ചു. മലയാള നിഘണ്ണ്ടുവും അദ്ദേഹം രചിച്ചു