ഇന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം . ‘ചലനം, പഠനം, കണ്ടെത്തല്‍ – ഒരു മികച്ച ലോകസൃഷ്ടിക്കായി ‘ ‘ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനം രൂപവല്‍കരിച്ചിരിക്കുന്നത്.
വേദനകളെയും വെല്ലുവിളികളെയും വേഗവും വീര്യവും കൊണ്ട് വെല്ലുന്ന മനുഷ്യ പ്രയത്‌നത്തിന്റെ മഹാകാവ്യമാണ് ഓരോ നാല് വര്‍ഷത്തിലും അരങ്ങേറുന്ന ഒളിമ്പിക്‌സ് എന്ന മഹാകായിക മേള . ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് പ്രാചീന ഗ്രീസിലെ പെലോ പോനിസില്‍ ആരംഭിച്ചു എന്ന് കണക്കാക്കപ്പെടുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ നാല് വര്‍ഷ കാലയളവില്‍ നടത്തപ്പെട്ടിരുന്നു, ഈ കാലയളവ് ‘ ഒളിംപ്യാഡ് ‘ എന്നറിയപ്പെട്ടിരുന്നു. 1894 ല്‍, പിയറി ദു കുബര്‍ട്ടിന്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് തുടക്കമിടുകയും 1896 ല്‍ ഏഥന്‍സില്‍ ആധുനിക ഒളിമ്പിക് മത്സരങ്ങള്‍ക്ക് കൊടിയേറുകയും ചെയ്തു. നിലവിലെ രേഖകള്‍ പ്രകാരമുള്ള ആദ്യ ഒളിമ്പിക് ചാമ്പ്യന്‍ എലിസ് എന്ന പട്ടണത്തില്‍ നിന്നുള്ള കൊറോബിയസ് എന്ന പാചകക്കാരന്‍ ആണ്, 776 ബി സി യില്‍ നടന്ന മത്സരത്തില്‍ സ്പ്രിന്റ് റേസില്‍ വിജയിച്ച അദ്ദേഹം ഒളിമ്പിക്‌സ് മത്സരത്തിന്റെ സാര്‍വ്വ ജനീന സ്വഭാവം കൂടി വെളിവാക്കുന്നു.
ഒളിംപിസം എന്ന ആശയം ഒളിമ്പിക്‌സ് മത്സരങ്ങളുടെ പിറകിലെ തത്വശാസ്ത്രമാണ് . ശരീരം, മനസ്സ്, നിശ്ചയം എന്നീ മൂന്ന് ഗുണങ്ങളെ സമതുലിതമായി പ്രയോഗിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ജീവനപദ്ധതി. പരിശ്രമത്തിന്റെ സന്തോഷം , സാമൂഹിക ഉത്തരവാദിത്വം, അടിസ്ഥാന നൈതികത എന്നിവ ചേര്‍ന്ന നല്ല മാതൃകകളാണ് ഓരോ ഒളിമ്പ്യനും ആവേണ്ടത് എന്ന രീതിശാസ്ത്രം കൂടിയാണ് ഒളിംപിസം. കായിക മത്സരങ്ങള്‍ മനുഷ്യ രാശിയുടെ ഐക്യത്തോടെയുള്ള പുരോഗതിക്കായി വിനിയോഗിക്കാനും മനുഷ്യാന്തസ്സിന്റെ സംരക്ഷണത്തിലൂടെ സമാധാനത്തില്‍ നിലകൊള്ളുന്ന മനുഷ്യ സമൂഹം നിര്‍മ്മിക്കാനും ഓരോ കായികതാരത്തിനും ഉത്തരവാദിത്തമുണ്ട്....