കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലൻ ആദംസ് കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968). പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവൾ സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ചു. ഹെലൻ കെല്ലറുടെ ആത്മ കഥയാണ് ദി സ്റ്റോറി ഓഫ് മൈ ലൈഫ്.
“ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ രണ്ടു വ്യക്തികൾ നെപ്പോളിയനും ഹെലൻ കെല്ലറുമാണ് ”
എന്ന് ഒരിയ്ക്കൽ മാർക്ക് ട്വയിൻ അഭിപ്രായപ്പെടുകയുണ്ടായി. വളരെ സ്വാധീന ശക്തിയുള്ളതായിരുന്നു ഹെലന്റെ വ്യക്തിത്വം.ഉയരവും ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീയായിരുന്നു ഹെലൻ കെല്ലർ.കാഴ്ചയില്ലെങ്കിലും പ്രൗഢമായി വസ്ത്രം ധരിയ്ക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. അറിവുനേടാനും, ആശയവിനിമയം നടത്താനുമുള്ള ഉത്കടമായ ആഗ്രഹം ഹെലനെ എപ്പോഴും കർമ്മനിരതയായിരിയ്ക്കാൻ പ്രേരിപ്പിച്ചു.
ഓർമ്മശക്തിയും മന:സാന്നിധ്യവും, നർമ്മബോധവുമായിരുന്നു മറ്റു പ്രധാന സവിശേഷതകൾ. ജീവിതകാലം മുഴുവൻ ഒരു സാധാരണ സ്ത്രീയാകാനാണ് ഹെലൻ ആഗ്രഹിച്ചത്.വൈകല്യമില്ലാത്തവർ കടന്നു ചെല്ലാൻ മടിച്ച രംഗങ്ങളിൽ പോലും,ആനിയുടെ കൈപിടിച്ച് അവർ ധൈര്യപൂർവ്വം കടന്നു ചെന്നു. മറ്റുള്ളവരുമായി അനുഭവങ്ങൾ പങ്കിടുന്നതിലും ഹെലന് താത്പര്യമുണ്ടായിരുന്നു.
1908-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേൾഡ് ഐ ലിവ് ഇൻ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താൻ 'കാണുന്ന' ലോകത്തെക്കുറിച്ചാണ് ഹെലൻ വിവരിയ്ക്കുന്നത്.ആത്മീയസ്പർശമുള്ള ലൈറ്റ് ഇൻ മൈ ഡാർക്ക്‌നസ്സ്,വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ് സാഹിത്യത്തിൽ ഹെലന്റെതായുണ്ട്.