
അന്ന് വ്യവസായി ഒരു വിരുന്നൊരുക്കി. അദ്ദേഹത്തിന്റെ പരിചയക്കാരെല്ലാം എത്തിയിരുന്നു. എന്തിനാണ് ആ വിരുന്നെന്ന് ആര്‍ക്കും മനസ്സിലായില്ല. അവസാനം അടുത്ത സുഹൃത്ത് വിരുന്നിന് കാരണം തിരക്കി. അയാള്‍ പറഞ്ഞു: ഇന്ന് രാവിലെ എന്റെ കാര്‍ അപകടത്തില്‍പെട്ട് തകര്‍ന്ന് തരിപ്പണമായി. ഇത് കേട്ട് എല്ലാവര്‍ക്കും അതിശയമായി. ലക്ഷങ്ങള്‍ വിലയുളള കാര്‍ തകര്‍ന്നതിന്റെ പേരില്‍ ആരെങ്കിലും വിരുന്ന് നടത്തുമോ? വ്യവസായി തുടര്‍ന്നു: കാര്‍ നശിച്ചതിന്റെ പേരിലല്ല ഞാന്‍ നിങ്ങള്‍ക്ക് വിരുന്ന് തന്നത്, അത് ഓടിച്ചിരുന്ന എനിക്ക് ഒരു പരിക്കുപോലും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിച്ചതിനാണ്.. രണ്ട് സാധ്യതകള്‍ക്കിടയിലെ തിരഞ്ഞെടുപ്പാണ് ജിവിതത്തിന്റെ ഭാവം തീരുമാനിക്കുന്നത്. എല്ലാ നിരാശകള്‍ക്കിടയിലും സാധ്യതകളുടെ ഒരു ചെറുകണിക അവശേഷിക്കുന്നുണ്ടാകും. അവ കാണാതിരിക്കാന്‍ മാത്രം കണ്ണിലെ വെളിച്ചം കെടുത്താതിരുന്നാല്‍ മതി. എല്ലാറ്റിനേയും അഭിമുഖീകരിക്കാന്‍ പഠിക്കണം, ചിലതിനെ അതിജീവിക്കണം, ഒന്ന് നമുക്ക് എപ്പോഴുമോര്‍ക്കാം.. ഒരു കാലവും ഒരുപാട് കാലത്തേക്കില്ല - അത് നല്ലകാലമായാലും കഷ്ടകാലമായാലും... മുന്നോട്ട് തന്നെ പോവുക - ശുഭദിനം.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)