
തന്റെ വീട്ടില്‍ ഒട്ടും ഇടമില്ല എന്നതായിരുന്നു അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും കൂടി താമസിക്കാനുളള സ്ഥലമില്ല. പരാതിയുമായി അയാള്‍ ഗുരുവിനടുത്തെത്തി. ഗുരു പറഞ്ഞു. ഞാന്‍ നിങ്ങളുടെ വീടിനെ വലുതാക്കാന്‍ സഹായിക്കാം. പക്ഷേ, ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ ചെയ്യണം. അയാള്‍ സമ്മതിച്ചു. നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്ക് കൊണ്ടുപോകൂ.. അല്‍പം മടിച്ചിട്ടാണെങ്കിലും അയാള്‍ അങ്ങിനെ ചെയ്തു. പിറ്റേദിവസം അയാള്‍ ഗുരുവിനോട് പറഞ്ഞു: വീട്ടില്‍ ആകെ പ്രശ്‌നങ്ങളാണ്.. അപ്പോള്‍ ഗുരു പറഞ്ഞു: ശരി, എങ്കില്‍ ആടുകളെ കൂടി വീടിനകത്ത് കെട്ടൂ.. അങ്ങനെ ചെയ്തതിന്റെ പിറ്റേ ദിവസം അയാള്‍ വന്നുപറഞ്ഞു: എനിക്ക് ഭ്രാന്താണെന്ന് വീട്ടുകാര്‍ പറയുന്നു. പക്ഷേ, പശുവിനെകൂടി അകത്ത് കെട്ടാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. പാതി മനസ്സോടെ അയാള്‍ അപ്രകാരം ചെയ്തു. പിറ്റേ ദിവസം ഗുരുവിനെ കാണാനെത്തിയ അയാളോട് ഗുരു പറഞ്ഞു: ഇനി മൃഗങ്ങളെയെല്ലാം വീടിന് പുറത്താക്കൂ.. ഒരു മണിക്കൂര്‍ കഴിഞ്ഞ് അയാള്‍ മടങ്ങിവന്ന് പറഞ്ഞു: ഇപ്പോള്‍ വീട്ടില്‍ ധാരാളം ഇടമുണ്ട്... ആയിരിക്കുന്ന അവസ്ഥയുടെ സൗന്ദര്യം മനസ്സിലാക്കത്തവരെല്ലാം സാങ്കല്പിക സ്ഥലങ്ങളുടെ അഴകിന്റെ പിന്നാലെയായിരിക്കും. ഉള്ളതില്‍ സംതൃപ്തരാകില്ല.. പരിമിതികളെ ചുറ്റിപ്പറ്റിയാകും പ്രയാണം.. തങ്ങള്‍ക്കുള്ളവയെ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതും അവയില്‍ സന്തോഷം കണ്ടെത്താന്‍ ആകുന്നില്ല എന്നതുമാണ് ഈ മാനസികാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനകാരണങ്ങള്‍. എന്തിനും അതിന്റേതായ അര്‍ത്ഥവും അലങ്കാരവുമുണ്ട്. അവയെ അനര്‍ത്ഥങ്ങളായി വ്യാഖ്യാനിച്ചാല്‍ ശരീരവും മനസ്സും അസ്വസ്ഥമാകും, അവയെ അനുഗ്രഹമായി കാണാന്‍ ശ്രമിച്ചാല്‍ ഒരോ നിമിഷവും ആഹ്ലാദമുണ്ടാകും.. അതെ, നമുക്ക് ഉളളവയില്‍ തൃപ്തിപ്പെടാന്‍ ശീലിക്കാം - ശുഭദിനം.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)