കാര്‍ഗില്‍ വിജയ ദിനം

GJBSNMGL
0
ഇന്ന് കാര്‍ഗില്‍ വിജയ ദിനം... കാര്‍ഗില്‍ യുദ്ധസ്മരണകളുടെ ദിനം. ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറി രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാക് സൈന്യത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ സുദിനം. കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിനു മുകളിലുയര്‍ന്ന മൂവര്‍ണക്കൊടി സമ്പൂര്‍ണ്ണ വിജയത്തിന്റെ അടയാളം മാത്രമായിരുന്നില്ല, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാന്‍ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാന്റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍- ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേക്ക് പതിയെപ്പതിയെ നടന്നടുത്ത പാകിസ്ഥാന്‍ പട്ടാളം അതിര്‍ത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്.എന്നാല്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ വിജയ് ആഞ്ഞടിച്ചപ്പോള്‍ പാകിസ്ഥാന് നാണംകെട്ട തോല്‍വിയുമായി മടങ്ങേണ്ടിവന്നു.

ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. ഒടുവില്‍ ശക്തമായ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതില്‍കൂടുതലും വിട്ട് പിന്‍മാറുകയായിരുന്നു. 1999 ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദിവസത്തിന്റെ ഓര്‍മയാണ് കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 527 ധീരജവാന്‍മാരെയാണ്. ഇന്ത്യന്‍ ആക്രമണത്തില്‍ ഭീകരമായ നാശം സംഭവിച്ച പാകിസ്ഥാന്‍ സൈന്യം പക്ഷേ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. കുറ്റം മുഴുവനും പാകിസ്ഥാന്‍ തീവ്രവാദികളിലായിരുന്നു ചാര്‍ത്തിയത്. എന്നാല്‍ പില്‍ക്കാലത്ത് കാര്‍ഗില്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍മാര്‍ പാകിസ്ഥാന്‍ സൈന്യമാണെന്നു തെളിയുകയുമുണ്ടായി. 450 സൈനികരെ നഷ്ടപ്പെട്ടുവെന്നായിരുന്നു പാകിസ്ഥാന്റെ വാദമെങ്കിലും യാഥാര്‍ത്ഥ്യം അതിലും എത്രയോ മടങ്ങ് കൂടുതലായിരുന്നുവെന്നുള്ളത് ലോകരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

കാര്‍ഗിലില്‍ ഇന്ത്യ കുറിച്ചത് വെറുമൊരു യുദ്ധത്തിന്റെ വിജയമല്ല, ആത്മാഭിമാനത്തിന്റെ വിജയമായിരുന്നു. കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ച് എല്ലാവര്‍ഷവും രാജ്യം ആ ഓര്‍മ്മ പുതുക്കുന്നു
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)