ഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി (ലോക സാക്ഷരതാ ദിനം ) ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
1965 ലാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാൻ യുണെസ്കോ തീരുമാനിച്ചത്. 1965 മുതൽ എല്ലാ വർഷവും ആ ദിനം യുണെസ്കോയുടെ ആഭിമുഖ്യത്തിൽ സാക്ഷരത ദിനമായി ആചരിച്ചുവരുന്നു. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിൻ്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
വ്യക്തികളുടെ മോചനത്തിനും ആന്തരികമായ വികാസത്തിനുമുള്ള മാർഗമാണ് സാക്ഷരത. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിൻ്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യൻ സാക്ഷരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ലോകജനസംഖ്യയിൽ പ്രായപൂർത്തിയായ 86 കോടി പേർക്ക് അക്ഷരമറിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ 50 കോടിയിലേറെ സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലത്തവരിൽ പകുതിയിലേറെ സ്ത്രീകളാണ് എന്നു ചുരുക്കം. ഈ അവസ്ഥ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്ര സഭ, ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.
1991 ഏപ്രിൽ 18-ന് കോഴിക്കോട് മാനാഞ്ചിറയിൽ നവസാക്ഷരയായ ആയിഷുമ്മ എന്ന മലപ്പുറംകാരി കേരളം സമ്പൂർണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. അങ്ങനെ ആയിഷുമ്മ സാക്ഷരതയുടെ പ്രതീകമായി. തുടർ വിദ്യാഭ്യാസത്തിലൂടെയും ഇ സാക്ഷരതയിലൂടെ അവർ സാക്ഷരതയുടെ മാറുന്ന മുഖത്തിൻ്റെ പ്രതിനിധിയുമായി. 80 കഴിഞ്ഞ പ്രായത്തിൽ പത്താംതരം പാസായതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)