മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു . 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. 2016 ജൂൺ 26ന് തന്റെ 88-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി.
നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച് തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്